burn-my-body

“ബേണ്‍ മൈ ബോഡി” – ഞെട്ടിപ്പിക്കുന്ന സത്യം !

April 7, 2015
5201 Views

ബാക്റ്റീരിയകളോട് ഒരു ചോദ്യം, “ഇങ്ങനെ ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഒരുപാട് പെറ്റു പെരുകുന്നതിലെ ലോക റെക്കോർഡ് നിങ്ങൾക്ക് സ്വന്തമാണല്ലോ. തിരിഞ്ഞു നോക്കുമ്പോൾ എന്ത് തോന്നുന്നു ? ”

ഉത്തരം :- “ഓ, എന്ത് പറയാൻ ? തിരിഞ്ഞും, മറിഞ്ഞുമൊക്കെ നോക്കിയിട്ടും ഒന്നും തോന്നുന്നില്ല. ആ കാലമൊക്കെ കഴിഞ്ഞു. കാരണം, ഈ നശിച്ച ഹ്രസ്വ ചിത്രങ്ങൾ ഞങ്ങളുടെ റെക്കോർഡ് തകർത്ത് തരിപ്പണമാക്കുകയാണ്. യൂടൂബ് ഒന്ന് ശ്രദ്ധിച്ച് നോക്കൂ മാഷേ, ഞങ്ങളേക്കാൾ വേഗത്തിലല്ലേ അവറ്റകൾ പുറത്തിറങ്ങുന്നത് ? ”

ഒന്ന് കണ്ണ് ചിമ്മുന്ന വേഗതയിലാണ് യൂടൂബ് ചാനലുകളിൽ ഹ്രസ്വചിത്രങ്ങൾ നിറയുന്നത്. പല തരത്തിൽ , പല രൂപത്തിൽ , പല ഭാവത്തിൽ അവ പിറന്നു വീഴുകയാണ്. 3 മുതൽ 30 മിനിട്ടുകൾ വരെയുള്ള നൂറായിരം ഹ്രസ്വചിത്രങ്ങളുടെ ഘോഷയാത്രകൾക്കാണ് ദിനംപ്രതി യൂടൂബ് സാക്ഷ്യം വഹിക്കുന്നത്. സ്വന്തമായി മൊബൈൽ ഫോണ്‍ കൈവശമുള്ള ആർക്കും ഒരു ഹ്രസ്വചിത്രം ചെയ്യാം എന്ന അവസ്ഥയും ഇവിടെ സുലഭം. പക്ഷെ, ഒന്ന് മനസ്സിരുത്തി ശ്രദ്ധിച്ചാൽ അറിയാൻ കഴിയും , ഇവയിൽ എത്രയെണ്ണത്തിന് മികച്ച ഗുണനിലവാരമുണ്ട് ? സദുദ്ദേശത്തോടെ തയ്യാറാക്കപ്പെടുന്നവയുടെ കണക്കോ ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം സത്യസന്ധമായി പറഞ്ഞാൽ ആയിരങ്ങളുടെ കണക്ക് വഴിമാറി, വിരലിലെണ്ണി പറയാവുന്ന അഞ്ചിലും, പത്തിലുമൊക്കെ എത്തി നിൽക്കും ! ഇവിടെയാണ്‌ യുവനടൻ ആര്യൻ കൃഷ്ണൻ മേനോൻ രചന നിർവ്വഹിച്ച് സംവിധാനം ചെയ്ത “ബേണ്‍ മൈ ബോഡി” എന്ന ഹ്രസ്വചിത്രത്തിന്‍റെ പ്രാധാന്യം. ഒറ്റവാക്കിൽ പറഞ്ഞാൽ , ബ്രില്ല്യന്റ് !

കഥ

മനോഹരമായ വികാരം എന്ന് ആദികാലം മുതലേ വാഴ്ത്തിപ്പോന്ന കാമത്തിന്റെ, വർത്തമാനകാലത്തെ ഏറ്റവും വികൃതമായ രൂപത്തെ കാട്ടിത്തരുന്ന, പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പിക്കുന്ന ഒരു ചെറുസിനിമയാണ് “ബേണ്‍ മൈ ബോഡി”. കലികാലം എന്ന നാമത്തിന് പീഡനകാലം എന്നൊരു വിളിപ്പേര് കൂടിയുണ്ട് എന്ന് തെളിയിക്കുന്ന വിധത്തിൽ, അതിഭീകരമായ അക്രമങ്ങൾ നടക്കുന്ന ഇക്കാലത്ത്, ഒന്നു ചർച്ച ചെയ്യാൻ പോലും അറപ്പ് തോന്നുന്ന തരത്തിലെ ഏറ്റവും വലിയ കാമഭ്രാന്തിനെയാണ് “ബേണ്‍ മൈ ബോഡി” വിഷയമാക്കിയിരിക്കുന്നത്. മോർച്ചറിയിലെ ശവശരീരങ്ങളിൽ കാമാസക്തി തീർക്കുന്ന, ഒരു വിഭാഗം മനോരോഗികൾ ഈ ലോകത്ത് ആരാലും ചോദ്യം ചെയ്യപ്പെടാതെ ജീവിക്കുന്നു എന്ന സത്യം ഇതിലൂടെ അറിയാൻ സാധിക്കുന്നു.

ബലം

ചിത്രം എഴുതി സംവിധാനം ചെയ്ത ആര്യൻ കൃഷ്ണൻ മേനോൻ എന്ന യുവപ്രതിഭ തന്നെയാണ് “ബേണ്‍ മൈ ബോഡി”യുടെ ഏറ്റവും വലിയ ബലം. ഇത്തരമൊരു വിഷയം തിരഞ്ഞെടുക്കുക , അതിന്മേൽ വിശദമായ പഠനങ്ങൾ നടത്തുക, ആവശ്യമായ വിവരങ്ങൾ ശേഖരിക്കുക, ഒടുവിൽ അതിനെ ഒരു ചെറു സിനിമയുടെ ദൈർഘ്യത്തിൽ നിർത്തിക്കൊണ്ട് തിരക്കഥ തയ്യാറാക്കുക, എല്ലാവരുടെയും സഹകരണം പൂർണ്ണമായും ഉറപ്പാക്കിക്കൊണ്ട് സംവിധാനം നിർവ്വഹിക്കുക എന്നത് വാക്കുകളിൽ ഒതുക്കാവുന്ന അത്രയും എളുപ്പമല്ല. ആര്യൻ അത് ശരിക്കും പ്രൊഫഷണൽ ആയി കൈകാര്യം ചെയ്തു. അതിന് സ്പെഷ്യൽ കയ്യടി നൽകുന്നു.

ഛായാഗ്രാഹകൻ ശ്രീരാജ് രവീന്ദ്രന് മുഴുനീള സിനിമയിലേക്കുള്ള ആദ്യപടിയാണ് “ബേണ്‍ മൈ ബോഡി” എന്ന് ഉറപ്പിക്കാം. അത്രയ്ക്കും മികവ് ഓരോ ഫ്രെയ്മിലും, ഷോട്ടിലും കാണാൻ കഴിഞ്ഞു. ബിജിബാൽ എന്ന പശ്ചാത്തല സംഗീത സ്പെഷ്യലിസ്റ്റിന്, മികവ് കാട്ടുക എന്നത് സ്ഥിരം പണിയായതിനാൽ പ്രത്യേക അഭിനന്ദനം ആവശ്യമില്ല എന്ന് തോന്നുന്നു. ആവശ്യമുള്ള ഇടങ്ങളിൽ, ഏറ്റവും മികച്ച പശ്ചാത്തല സംഗീതമായ “നിശബ്ദത” നിലനിർത്തിക്കൊണ്ട് അദ്ദേഹം തന്റെ പരിചയസമ്പന്നത ഇവിടെ തെളിയിച്ചു. വിഷ്വൽ ഇഫെക്റ്റ്സ്, ടൈറ്റിൽ ഗ്രാഫിക്സ് തുടങ്ങിയ വിഭാഗങ്ങൾ വളരെ ഭംഗിയായി നിർവ്വഹിച്ച ആകാശ് ജോസഫ് വർഗ്ഗീസിന് പ്രത്യേക അഭിനന്ദനങ്ങൾ. പ്രേക്ഷകരുടെ തികഞ്ഞ വെറുപ്പ് സമ്പാദിക്കത്തക്ക വിധത്തിൽ , ആരും ചെയ്യാൻ ധൈര്യപ്പെടാത്ത ജോസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നാദിർഷ, തന്മയീ ഭാവത്തോടെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച അപർണ്ണാ നായർ എന്നിവർ എഴുന്നേറ്റു നിന്നുള്ള കയ്യടിയ്ക്ക് അർഹരാണ്.

ബലഹീനത

ഒരു മുഴുനീള സിനിമയിൽ, വളരെ വിശദമായി പറയേണ്ട വിഷയത്തെ ചെറുസിനിമയുടെ ദൈർഘ്യത്തിനുള്ളിൽ ഒതുക്കേണ്ടി വന്നതിലെ നിസ്സഹായത കാരണം, ചിത്രം മുന്നോട്ടു വച്ച ഭീകര പ്രശ്നത്തിന് ഒരു പരിഹാരം എന്താണെന്ന് സംവിധായകന് നിർദ്ദേശിക്കാൻ കഴിയാതെ പോയി. ഒടുവിൽ അതും കാണാൻ കഴിഞ്ഞെങ്കിൽ , പൂർണ്ണത ഉണ്ടായേനെ എന്ന് തോന്നുന്നു.

പ്രേക്ഷകരോട്

സാധാരണ ജനങ്ങൾക്ക്‌ അധികം കേട്ടുകേൾവിയില്ലാത്ത, എന്നാൽ ആവശ്യം അറിഞ്ഞിരിക്കേണ്ട ഒരു ഞെട്ടിപ്പിക്കുന്ന സത്യമാണ് “ബേണ്‍ മൈ ബോഡി”. ഈ ചെറു ചിത്രം നിങ്ങളെ ഒരുപാട് ചിന്തിപ്പിക്കും, പല അബദ്ധങ്ങളിൽ നിന്നും ഒഴിഞ്ഞു മാറാൻ പ്രേരിപ്പിക്കും. 100% ഉറപ്പ്. ഇതുപോലെ സാമൂഹിക പ്രതിബദ്ധതയുള്ള ഹ്രസ്വചിത്രങ്ങൾ എക്കാലത്തും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർക്ക് എല്ലാവിധ ആശംസകളും നേരുന്നു.

റേറ്റിംഗ് :- 4.5 / 5

സുരേഷ് കുമാർ രവീന്ദ്രൻ

Leave A Comment


*