review-selfie-site

“ഒരു വടക്കൻ സെൽഫി” – 2015 ലെ ആദ്യത്തെ സൂപ്പർ ഹിറ്റ്‌ മലയാള ചിത്രം !

March 30, 2015
2397 Views

കഴിഞ്ഞ കുറച്ചു കാലങ്ങളായി, പ്രേക്ഷകരുടെ പ്രതീക്ഷകൾക്കെല്ലാം മലയാള സിനിമയിൽ നിന്നും ദുരന്ത ഫലങ്ങളാണ് ലഭിക്കുന്നത്. ഇവിടത്തെ അലിഖിത നിയമപ്രകാരം , പ്രേക്ഷകർ ഒരു സിനിമ കണ്ടു കഴിഞ്ഞാൽ അഭിപ്രായം നല്ലതാണെങ്കിൽ ലോകത്തോട്‌ ഉറക്കെ വിളിച്ചു പറയണം, മോശമാണെങ്കിൽ അക്കാര്യം ആരോടും പറയരുതെന്ന് മാത്രമല്ല അതിനെക്കുറിച്ച് സ്വയം ചിന്തിക്കുക പോലും ചെയ്യരുത്. പ്രേക്ഷകരുടെ നഷ്ടം പരമാവധി ആയിരം രൂപയ്ക്ക് താഴെയാവാം എന്ന ലോകോത്തര സത്യമാണ് അതിന് കാരണം. മാത്രമല്ല , സിനിമാ പ്രവർത്തകരുടെ ശരീരത്തിൽ നിന്നും വരുന്നത് മാത്രമാണ് വിയർപ്പ് , അവരുടെ കോടികൾക്ക് മാത്രമാണ് വില. മറിച്ച് പ്രേക്ഷകർക്ക്‌ വിയർപ്പിനു പകരം പച്ച വെള്ളവും , കാശിന് കടലാസ് കഷണത്തിന്‍റെ വിലയുമാണ്. എന്തായാലും, ഇത്തരം ചിന്തകൾക്കൊന്നും ഇടം കൊടുക്കാത്ത, ഇവിടെ പതിവില്ലാത്ത ഒരു കാഴ്ച കണ്ടു. “ഒരു വടക്കൻ സെൽഫി” എന്ന മലയാള ചലച്ചിത്രം. ഏറെ നാളുകൾക്കു ശേഷം മനസ്സ് തുറന്നു ചിരിക്കാനും, ചിന്തിക്കാനും വഴിയൊരുക്കിയ, നന്മയുള്ള ഒരു കൊച്ചു ചിത്രം , അതാണ്‌ “ഒരു വടക്കൻ സെൽഫി”.

പ്രജിത്.ജി എന്നൊരു പുതുമുഖ സംവിധായകന്‍റെ ചിത്രം. വിനീത് ശ്രീനിവാസൻ എന്ന യുവപ്രതിഭയുടെ തിരക്കഥ. വ്യക്തിത്വമുള്ള മലയാള സിനിമാ നടൻ എന്ന് ഉറപ്പിച്ചു പറയാവുന്ന നിവിൻ പോളിയും, ഒപ്പം പുത്തൻ സെൻസേഷൻ അജു വർഗ്ഗീസും, ഭാവി സെൻസേഷനായ നീരജ് മാധവും, മറ്റു ഒട്ടനവധി താരങ്ങളും അഭിനയിക്കുന്നു. പ്രോജക്റ്റ് അനൌണ്‍സ് ചെയ്തപ്പോഴേ പലരും പലയിടത്തു നിന്നും അടക്കം പറഞ്ഞു തുടങ്ങിയിരുന്നു, “ഇത് തട്ടത്തിൻ മറയത്ത് കാണിച്ച് പണം പിരിക്കാനുള്ള അടവാണ്” എന്ന്. എന്നാൽ ഇപ്പോൾ ആ പ്രോജക്റ്റ് സ്ക്രീനിൽ എത്തിയപ്പോൾ, അബദ്ധധാരണകളെല്ലാം തകിടം മറിഞ്ഞു എന്നു പറയാം. തുടക്കം മുതൽ രസകരമായ ചെറു ചെറു സംഭവങ്ങളോട് കൂടി, പ്രേക്ഷകരുടെ ബുദ്ധിയെ പരീക്ഷിക്കാതെ, ആവശ്യമുള്ളത് അളന്നു മുറിച്ച് നൽകിക്കൊണ്ട്, തികഞ്ഞ പ്രൊഫഷണൽ അച്ചടക്കത്തോടെ സ്ക്രീനിൽ പ്രദർശിപ്പിക്കപ്പെട്ട ചിത്രമായി “ഒരു വടക്കൻ സെൽഫി” മാറി.

ഉമേഷിന്‍റെയും (നിവിൻ പോളി), ഷാജിയുടെയും (അജു വർഗ്ഗീസ്), ജോണിന്‍റെയും (വിനീത് ശ്രീനിവാസൻ), ഡെയ്സിയുടെയും (മഞ്ജിമ മോഹൻ) കഥയാണ്‌ “ഒരു വടക്കൻ സെൽഫി”. പഠിത്തത്തിൽ സമ്പൂർണ്ണ പരാജയമായ ഉമേഷിന്‌ തന്‍റെ ജീവിതത്തിൽ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും, അവയുടെ ആക്കം കൂട്ടുന്ന കൂട്ടുകാരൻ ഷാജിയും, ഇവരുടെ ഇടയിലേക്ക് അപ്രതീക്ഷിതമായി കടന്നു വരുന്ന ഡെയ്സിയും , എല്ലാ പ്രശ്നങ്ങൾക്കും പരിഹാരവുമായി ഒപ്പം കൂടുന്ന ജോണും ചേർന്ന് “സുഹൃത്ബന്ധം+കോമഡി+കുടുംബം+പെണ്‍കുട്ടി / പ്രണയം+കഷ്ടകാലം+ഉപദേശം+ശുഭപര്യവസാനം” എന്ന പെർഫെക്റ്റ് ഫോർമാറ്റിൽ “ഒരു വടക്കൻ സെൽഫി” പറഞ്ഞ് തീർക്കുന്നു. എന്നാൽ ഇതേ സ്വഭാവ സവിശേഷതകളുള്ള പതിവ് സിനിമകളിൽ നിന്നും, വളരെ മികച്ച ട്രീട്മെന്റ്റ് എന്ന ഘടകം കാരണം പ്രസ്തുത ചിത്രം തികച്ചും വേറിട്ട്‌ നിൽക്കുന്നു.

ചിത്രത്തിന്‍റെ ഏറ്റവും വലിയ ബലം ഛായാഗ്രാഹകൻ ജോമോൻ.ടി.ജോണ്‍ ആണ്. മൊത്തത്തിൽ “ജോമോൻ മയം” ! ഓരോ ഫ്രെയ്മും, ഷോട്ടും നയനാനന്ദകരം. രസകരമായ കളർ ടോണ്‍ , സ്വാഭാവികതയും, കൃത്രിമത്വവും ശരിയാം വണ്ണം സമന്വയിപ്പിച്ചു കൊണ്ടുള്ള ലൈറ്റിംഗ്, പ്രയാസം എന്നു തോന്നിപ്പിക്കുന്ന തരത്തിലെ ആംഗിളുകളിലൂടെയുള്ള വീക്ഷണങ്ങൾ, തുടങ്ങി എല്ലാ രീതിയിലും ജോമോൻ തിളങ്ങി. നവാഗത സംവിധായകൻ പ്രജിത്തിന് ഇത് അഭിമാനത്തിന്‍റെ നിമിഷങ്ങളാണ്. സമകാലിക പ്രാധാന്യമുള്ള വിഷയത്തിലൂന്നി തയ്യാറാക്കപ്പെട്ട, വിനീതിന്‍റെ സ്ക്രിപ്റ്റിനെ അത് അർഹിക്കുന്ന പരിഗണന നൽകി സിനിമയാക്കി മാറ്റിയതിൽ സംവിധായകൻ പൂർണ്ണമായും വിജയിച്ചു. നിലവിൽ, എല്ലാ രീതിയിലും മിനിമം എന്നതിന് മുകളിൽ ഗ്യാരന്റി നൽകാൻ കഴിയുന്ന ഒരു നടനാണ്‌ നിവിൻ പോളി. ആ പ്രകടനം “ഒരു വടക്കൻ സെൽഫി”യ്ക്ക് ഏറെ ഗുണം ചെയ്തു. അജു വർഗ്ഗീസ്, നീരജ് മാധവ്, വിനീത് ശ്രീനിവാസൻ, വിജയരാഘവൻ, ഭഗത് മാനുവൽ, സന്തോഷ്‌ കീഴാറ്റൂർ, ശ്രാവണ്‍ ഈപ്പൻ തുടങ്ങി എല്ലാ അഭിനേതാക്കളും പ്രതീക്ഷയ്ക്കും മുകളിൽ മികച്ചു നിന്നു. മഞ്ജിമ മോഹൻ എന്ന നടി ഭാവിയിലെ വാഗ്ദാനമാണ്. അത് മലയാള സിനിമ കാണാൻ പോകുന്നതേയുള്ളൂ.

പ്രേക്ഷകരോട്

പലവിധമായ പൊതുജനത്തിന്‍റെ, അതിലും പലവിധമായ അഭിപ്രായങ്ങൾ ഏതൊക്കെ രീതിയിൽ അളന്നു തിട്ടപ്പെടുത്തിയാലും, സിനിമയുടെ പരമമായ ലക്‌ഷ്യം വിനോദം തന്നെയാണ്. ടിക്കറ്റ് വച്ച് , കാശ് വാങ്ങി നടത്തുന്ന ബിസിനസ് എന്ന നിലയ്ക്ക്, ഇരുകൂട്ടർക്കും നഷ്ടം വരാത്ത രീതിയിൽ കാര്യങ്ങൾ നടക്കണം എന്നതാണ്, ബന്ധപ്പെട്ട വിഷയത്തിലെ ഏറ്റവും അഭികാമ്യമായ അവസ്ഥ. ഇവിടെ “ഒരു വടക്കൻ സെൽഫി” ഇരുകൂട്ടർക്കും (നിർമ്മാതാവ് വിനോദ് ഷൊർണ്ണൂരിനും, വിതരണക്കാരൻ ലാൽജോസിനും, പ്രേക്ഷകർക്കും) ഗുണം ചെയ്യുന്ന ഒരു സമ്പൂർണ്ണ എന്റർടെയിനർ ആണ്. ഇക്കാലത്ത് ഏറ്റവും അധികം ആവശ്യമായ ഒരു സന്ദേശത്തോടു കൂടി ചിത്രം അവസാനിക്കുമ്പോൾ, തീയറ്ററിൽ ഉയരുന്ന നീണ്ട കരഘോഷം തന്നെയാണ് അതിന്‍റെ ഏറ്റവും വലിയ തെളിവ്. “ഒരു വടക്കൻ സെൽഫി” പ്രദർശിപ്പിക്കുന്ന തീയറ്ററുകളിലേക്ക് ധൈര്യത്തോടെ പോകാം , നിങ്ങൾ നിരാശരാകില്ല.

തീയറ്ററിൽ കേട്ടത്

“സന്തോഷ്‌ കീഴാറ്റൂരിനെ തട്ടി വഴി നടക്കാൻ വയ്യാത്ത അവസ്ഥയാണല്ലോ ഈശ്വരാ…”

റേറ്റിംഗ് :- 4 / 5

സുരേഷ് കുമാർ രവീന്ദ്രൻ

Leave A Comment


*