r-m-site

“മിലി” എങ്ങനെയുണ്ട് ?

January 23, 2015
21744 Views

ഹലോ ചേട്ടാ. ഏതു സിനിമയാ കാണാൻ പോയത് ?

മിലി.

എങ്ങനെയുണ്ട് ?

ഒറ്റവാക്കിൽ പറഞ്ഞാൽ മതിയോ, അതോ വിവരിച്ചു പറയണോ ?

ബുദ്ധിമുട്ടില്ലെങ്കിൽ ഞാൻ നാലഞ്ച് ചോദ്യങ്ങളായി ചോദിച്ചോട്ടേ ? ചേട്ടൻ അതിനൊക്കെ വിശദീകരിച്ച് ഉത്തരം തന്നാൽ നന്നായിരുന്നു.

ചോദിച്ചോളൂ…

“മിലി” എങ്ങനെയുണ്ട് ?

ശാന്തം, ലളിതം , സുന്ദരം. അതാണ്‌ മിലി. ആർഭാടങ്ങളോ, മേളങ്ങളോ, കോപ്രായങ്ങളോ, യുക്തിയെ ചോദ്യം ചെയ്യലോ, ന്യൂ ജനറേഷൻ ഗിമ്മിക്സുകളോ, അനാവശ്യ ട്വിസ്റ്റുകളോ, ‘കളർഫുൾ’ കോമാളിത്തരങ്ങളോ, ഒന്നും തന്നെയില്ലാത്ത ഒരു സാധാരണ കുടുംബ ചിത്രം. 2 മണിക്കൂറിന് 7 മിനിറ്റ് ബാക്കി വച്ച് അവസാനിക്കുന്ന, നീളം കുറവുള്ള ചിത്രമെന്ന നിലയിൽ , “മിലി” പ്രേക്ഷകരെ ഇടയ്ക്കിടെ വാച്ച് നോക്കാൻ പ്രേരിപ്പിച്ചില്ല എന്നതും സത്യം. അത്ഭുതം എന്ന് പറയുന്നില്ല എങ്കിലും, “ഹൗ ഓൾഡ്‌ ആർ യു” എന്ന മലയാള സിനിമ മുന്നോട്ടു വച്ച ഒരു മഹത്തായ ആശയമാണ് “സാധാരണക്കാരുടെ മികച്ച ജീവിത വിജയം” എന്നത്. ആ ഒരു ത്രെഡ് പലരുടെയും മനസ്സിൽ ആഴത്തിൽ പതിയുകയും ചെയ്തു. അത്തരത്തിലൊരു ലളിതമായ ആശയമാണ് “മിലി”യും പങ്കു വയ്ക്കുന്നത്.

എന്താണ് “മിലി”യുടെ കഥ ?

മിലി എന്ന പെണ്‍കുട്ടിയാണ് ചിത്രത്തിന്‍റെ കേന്ദ്രബിന്ദു. അച്ഛന്‍റെയും, അമ്മയുടെയും ഒരേ ഒരു മകളായി വളർന്ന മിലി , ചെറുതിലേ തന്നെ തീരെ നാണം കുണുങ്ങിയും, ചെറിയ കാര്യങ്ങളിൽ പോലും അമിതമായി ഭയപ്പെടുന്ന സ്വഭാവക്കാരിയും ആണ്. പഠിത്തത്തിൽ തീരെ ശ്രദ്ധയില്ലാത്ത “മിലി” , അതേ ട്രാക്കിലാണ് വളരുന്നത്‌. ബാല്യത്തിലെ മിലിയിൽ നിന്നും ഒരൽപ്പം രൂപമാറ്റം സംഭവിച്ചു എന്നേയുള്ളു, വളർന്നപ്പോഴും ആള് പഴയത് തന്നെ. സ്കൂളിലെ കുട്ടിയിൽ നിന്നും, ഡേയ് സ്കൂളിലെ ടീച്ചറായപ്പോഴും, വീടിനു പകരം താമസം ടൗണിലെ ഹോസ്റ്റലിലായപ്പോഴും, മിലിയിൽ മാനസികമായി വലിയ മാറ്റമൊന്നും സംഭവിക്കുന്നില്ല. അമ്മയുടെ മരണത്തിനു ശേഷം , ഒറ്റപ്പെട്ട അച്ഛന് മിലിയുടെ കാര്യത്തിൽ ഒരുപാട് വിഷമമാണ്. അങ്ങനെയുള്ള മിലി , മികച്ച ജീവിത വിജയം കൈവരിക്കുന്നു എന്ന് പറയുമ്പോൾ എന്ത് തോന്നുന്നു ? അതാണ്‌ “മിലി”.

“മിലി”യുടെ പ്രത്യേകതകൾ എന്തൊക്കെയാണ് ?

രാജേഷ് പിള്ള , മഹേഷ്‌ നാരായണൻ , അമലാ പോൾ , ഗോപീസുന്ദർ, അനീഷ്‌ ലാൽ തുടങ്ങിയവരാണ് “മിലി”യുടെ പ്രത്യേകതകൾ. കോടികൾ മുടക്കിയെടുത്ത ബ്രഹ്മാണ്ഡമൊന്നും അല്ലെങ്കിലും , സ്ക്രീനിൽ കിട്ടിയ ഒരു ക്ലീൻ ഫാമിലി ചിത്രത്തിന്‍റെ സംവിധായകനെന്ന നിലയിൽ രാജേഷ് പിള്ള തന്നെയാണ് “മിലി”യുടെ ഏറ്റവും വലിയ പ്രത്യേകത. സുന്ദരമായ കണ്‍സീവിംഗ് ആയിരുന്നു “മിലി”യുടേത്. ഓരോ രംഗവും തികച്ചും വ്യക്തം. പ്രേക്ഷകരുടെ ചിന്തയ്ക്ക് പിടി കൊടുക്കാത്ത വേറിട്ട വിഷയമോ, പ്രവചിക്കാനാകാത്ത കഥാഗതിയോ “മിലി”യ്ക്ക് സ്വന്തമല്ലെങ്കിലും, എഡിറ്റിംഗ് ജോലികൾക്കിടയിൽ എഴുത്തിനും അപാരസാധ്യതയുണ്ടെന്ന് തെളിയിച്ച തിരക്കഥാകൃത്ത് മഹേഷ്‌ നാരായണൻ അഭിനന്ദനം അർഹിക്കുന്നു. ചിത്രത്തിലെവിടെയും അമലാ പോൾ എന്ന നടിയെ കാണാൻ കഴിഞ്ഞില്ല ! മിലി മാത്രമായിരുന്നു എല്ലായിടത്തും. സ്വന്തം ഇമേജിനെ പൂർണ്ണമായി ഒളിപ്പിച്ച് , 100% കഥാപാത്രമായി മാറി, മികച്ച പ്രകടനം കാഴ്ച വച്ച അമലാ പോളിന് ഒരു ഗംഭീര കയ്യടി നൽകാം. ഏറെ നാളിന് ശേഷം സായികുമാറിന് ലഭിച്ച നല്ലൊരു കഥാപാത്രമായിരുന്നു “മിലി”യുടെ അച്ഛൻ.

ഗാനങ്ങൾ , പശ്ചാത്തല സംഗീതം, ഈ രണ്ടു വിഭാഗങ്ങളെക്കുറിച്ച് അമിതമായി ചിന്തിക്കാതെ സംവിധായകൻ തന്‍റെ മറ്റു ജോലികളിൽ ഏർപ്പെട്ടിട്ടുണ്ടാവും എന്ന് വേണം കരുതാൻ. കാരണം , ആരെയാ അവ ഏൽപ്പിച്ചത് ? മിന്മിനിയുടെ തിരിച്ചു വരവിനു കാരണമായതിനും, ഈഗോയില്ലാതെ ഷാൻ റഹ്മാനുമായി സഹകരിച്ചതിനും, പ്രോഡകറ്റ് മുഴുവനായും രസകരമാക്കിയതും ഗോപീസുന്ദറിന് ഒരു ഷെയ്ക്ക് ഹാൻഡ്‌. മികച്ച ദൃശ്യഭംഗിയായിരുന്നു “മിലി”യ്ക്ക്. ഓരോ ഷോട്ടും , ഫ്രെയ്മും മനോഹരം. ക്യാമറാമാൻ അനീഷ്‌ലാലിന് നന്ദി. എഡിറ്റർ അഭിലാഷ് , സൗണ്ട് ഡിസൈനർ രാജാകൃഷ്ണൻ എന്നിവരുടെയും പ്രകടനങ്ങൾ തികച്ചും അഭിനന്ദനാർഹം.

“മിലി”യ്ക്ക് എന്തെങ്കിലും പ്രശ്നങ്ങൾ ?

ഹേയ്. കാര്യമായ പ്രശ്നങ്ങളൊന്നുമില്ല. എന്നാലും , ട്രെയിലറിൽ കണ്ട അത്രയും രസം മുഴുനീള സിനിമയിൽ കിട്ടിയോ എന്നൊരു സംശയം. ആദ്യപകുതിയിൽ , ചിത്രം അതിന്‍റെ യഥാർത്ഥ ട്രാക്കിൽ വീഴുന്നതിന്‍റെ ഭാഗമായി ഒരൽപ്പം മെല്ലെപ്പോക്ക് ഫീൽ ചെയ്തു. “മിലി”ലളിതമായാണ് നീങ്ങിയതെങ്കിലും , എന്തെങ്കിലുമൊക്കെ വ്യത്യസ്തമായി സംഭവിക്കും എന്ന ചിന്ത കാരണം , ഓരോ സീനിലും പ്രതീക്ഷ വളരെ വലുതായിരുന്നു. ആ പ്രതീക്ഷകൾ പൊളിയുമ്പോൾ തോന്നുന്ന ചെറിയൊരു മടുപ്പ് മാറ്റി വച്ചാൽ “മിലി” ഗംഭീരം തന്നെ.

പ്രേക്ഷകരോട് എന്താണ് പറയാനുള്ളത് ?

ഇക്കാലത്ത് കണികാണാൻ പോലും കിട്ടാത്ത സംഗതിയാണ് , നല്ല മലയാളചിത്രം എന്നത്. ന്യൂജനറേഷൻ പേക്കോലങ്ങളുടെ അകമ്പടിയില്ലാതെ ഒരു കുടുംബ ചിത്രം കാണാൻ സാധിക്കുക എന്നത് ചിന്തയ്ക്കും അപ്പുറത്താണ്. അങ്ങനെയുള്ള ഈ സാഹചര്യത്തിൽ , അത്ര കണ്ട് കുറ്റങ്ങളും, കുറവുകളും ഇല്ലാത്ത ഒരു ചിത്രം നമ്മുടെ മുന്നിലെത്തുമ്പോൾ അതിനെ പ്രോത്സാഹിപ്പിക്കേണ്ടത് നമ്മൾ പ്രേക്ഷകരുടെ കടമയാണ്. “മിലി” എന്നത് നമ്മൾ ഇതുവരെ കാണാത്ത അപൂർവ്വ ചലച്ചിത്രം അല്ല. വേറിട്ട വിഷയം കൈകാര്യം ചെയ്യുന്ന അത്ഭുതവുമല്ല. അതിലെല്ലാമുപരി , “മിലി” ശാന്തമാണ്, ലളിതമാണ്, സുന്ദരമാണ്.

വളരെ നന്ദി ചേട്ടാ. തീയറ്ററിനുള്ളിലെ പ്രേക്ഷകരുടെ പ്രതികരണം എങ്ങനെ ? ആരെങ്കിലും എന്തെങ്കിലും പറഞ്ഞോ ?

എല്ലാവരും നല്ല കയ്യടികളോടെയാണ് തീയറ്റർ വിടുന്നത്. ഇടയ്ക്ക് ആരോ പറയുന്നത് കേട്ടു , “അമലാ പോൾ എന്താ ഇങ്ങനെ ? മേയ്ക്ക് അപ്പ് കിറ്റ് കളഞ്ഞു പോയോ ?” എന്ന്.

3.5/5

സുരേഷ് കുമാർ രവീന്ദ്രൻ

Leave A Comment


*