ar-site

റഹ്മാനെ കോരിത്തരിപ്പിച്ച റഹ്മാൻ !

November 25, 2014
9141 Views

സംഗീത സംവിധായകൻ ഏ.ആർ.റഹ്മാനും, നടൻ റഹ്മാനും തമ്മിലുള്ള ബന്ധം എന്താണെന്ന് എല്ലാവർക്കും അറിയാവുന്നതാണല്ലോ. നടൻ റഹ്മാന്‍റെ ഭാര്യാ സഹോദരിയെയാണ്‌, ഏ.ആർ.റഹ്മാൻ കല്യാണം കഴിച്ചിരിക്കുന്നത്. അത്തരത്തിൽ വളരെ അടുത്ത ബന്ധം പുലർത്തുന്നവരാണ് ഇരുവരും. നടൻ റഹ്മാൻ പലവട്ടം പറഞ്ഞിട്ടുണ്ട്, ആ ബന്ധം ഉപയോഗിച്ച് താൻ ഒരിക്കലും ഏ.ആർ.റഹ്മാനെ ചൂഷണം ചെയ്യാൻ ശ്രമിച്ചിട്ടില്ല എന്ന്. പക്ഷെ, ഒരു പ്രാവശ്യം നടൻ റഹ്മാനെ, ഏ.ആർ.റഹ്മാൻ കോരിത്തരിപ്പിച്ചു കളഞ്ഞു !

ഏ.ആർ.റഹ്മാന് ഓസ്ക്കാർ അവാർഡ് കിട്ടിയ സമയം. ബെസ്റ്റ് ഒറിജിനൽ സ്കോറിനും, ബെസ്റ്റ് ഒറിജിനൽ സോങ്ങിനുമുള്ള അവാർഡ് വാങ്ങി തിരികെ വീട്ടിലെത്തിയ സമയം, അദ്ദേഹത്തെ സ്വീകരിക്കാൻ അടുത്ത ബന്ധുക്കൾ അവിടെ സന്നിഹിതരായിരുന്നു. അവരുടെ ഒപ്പം നടൻ റഹ്മാനും, കുടുംബവും അന്നേ ദിവസം ഏ.ആർ.റഹ്മാന്‍റെ വീട്ടിൽ എത്തിയിരുന്നു. രണ്ടു റഹ്മാൻമാരും കണ്ടു മുട്ടി സന്തോഷം പങ്കു വയ്ക്കുന്നതിനിടയ്ക്ക്, ഏ.ആർ.റഹ്മാൻ , നടൻ റഹ്മാന്‍റെ കയ്യിലേക്ക് ആ രണ്ടു അവാർഡ് ശിൽപ്പങ്ങളും വച്ചു കൊടുത്തു. മറ്റുള്ളവർ അത് ക്യാമറയിലേക്ക് പകർത്തുകയും, അതിന്റെ ഭാഗമായി അവിടെ ഒരുപാട് ലൈറ്റ് ഫ്ലാഷ് ഉണ്ടാകുകയും ചെയ്തു. ആ സമയത്ത് , ഓസ്ക്കാർ അവാർഡ് വാങ്ങുന്ന വേദിയിൽ നിൽക്കുന്ന പോലെ മാസ്മരികമായ ഫീൽ ഉണ്ടായി എന്നാണ് നടൻ റഹ്മാൻ പറയുന്നത്. ഒരു നിമിഷം , ലോകത്തിന്‍റെ നെറുകയിൽ എത്തിയ പോലെ തോന്നിയെന്നും, അത്യാഹ്ലാദം എന്താണെന്ന് അന്ന് മനസ്സിലാക്കിയെന്നും അദ്ദേഹം പറയുന്നു.

രണ്ട് ഓസ്ക്കാർ അവാർഡ് ശിൽപ്പങ്ങളും ഉയർത്തിപ്പിടിച്ചു നിൽക്കുന്ന തന്‍റെ വലിയ ഫോട്ടോ, വീട്ടിലെ, സ്വീകരണ മുറിയിലെ ചുമരിൽ തലയെടുപ്പോടെ നിൽപ്പുണ്ട് എന്ന് നടൻ റഹ്മാൻ അഭിമാനത്തോടെ പറയുന്നു.

1 Comments

  1. Nice post
    http://www.seenlike.com

Leave A Comment


*