DIRECTOR

പ്രേക്ഷകരെ ഇങ്ങനെ വില കുറച്ച് കാണണോ ?

October 15, 2014
2261 Views

ഈയിടെ കണ്ട ഒരു സിനിമയിൽ രണ്ടു കഥാപാത്രങ്ങൾ കാരംസ് കളിക്കുകയാണ്. അതു കണ്ട് നായിക അവരുടെ ഇടയിലേക്ക് കടന്നു വരുന്നു. മൂവരും കുടുംബ വിഷയങ്ങൾ സംസാരിക്കുന്നു. പെട്ടെന്ന്, അറിയാതെ ആ കാരം ബോർഡിലേക്ക് ഒന്ന് നോക്കിപ്പോയി. ഒരാൾ സ്ട്രൈക്കർ എടുത്തു ബോർഡിന്‍റെ നടുക്ക് വച്ച്, അടുത്ത വീട്ടിലെ കുളിമുറിയിലേക്ക് അടിച്ചു കളയാനെന്ന പോലെ, നിഷ്ക്കരുണം തന്‍റെ കണ്‍മുന്നിൽ നിന്നും അതിനെ അടിച്ചകറ്റുന്നു. അടുത്ത ഊഴം രണ്ടാമന്. അദ്ദേഹം ആ സ്ട്രൈക്കർ അങ്ങോട്ട്‌ പിടിച്ച് വാങ്ങി, നായികയോട് എന്തോ കാര്യം സംസാരിച്ചു കൊണ്ട്, നാല് പാടും കറക്കി ഒരടി ! സ്ട്രൈക്കർ എവിടെയോ തെറിച്ചു പോകുന്നു. ഒന്ന് ആലോചിച്ചു, ഇത് കാരംസ് കളിയാണോ അതോ കാരംസ് “കളിയാക്കലാണോ” ? സമ്മതിച്ചു. ആ സീനിൽ , നായികയും, മറ്റു രണ്ടുപേരും സംസാരിക്കുന്നതിനാണ് പ്രാധാന്യം. എന്നാലും, അതൊഴിച്ച് ബാക്കി എല്ലാം ഇങ്ങനെ പുച്ഛ ഭാവത്തിൽ ട്രീറ്റ് ചെയ്യുന്നതെന്തിനാ ?

ഇക്കാലത്തെ പല പ്രഗൽഭ സംവിധായകർ പോലും, ചില കാര്യങ്ങളെ അങ്ങ് തീരെ പ്രാധാന്യമില്ലാത്ത പോലെയാണ് നോക്കിക്കാണുന്നത്. ഒരു ഓഫീസാണ് ചിത്രീകരിക്കുന്നതെങ്കിൽ , പ്രധാന കഥാപാത്രങ്ങൾക്കും, അവരുടെ ലുക്കിനും, സംഭാഷണങ്ങൾക്കും മാത്രം പ്രാധാന്യം കൊടുക്കും. ഓഫീസിലെ മറ്റു സ്റ്റാഫുകളൊക്കെ, ഇമ വെട്ടാതെ മോണിട്ടറിൽ നോക്കി, കമ്പ്യൂട്ടറിനെ “പിയാനോ” പോലെ “വായിക്കുന്നത്” കാണാം ! നായകനോ, നായികയോ പാട്ട് പാടുന്ന രംഗമാണെങ്കിൽ , കൂടെ നിൽക്കുന്ന കൂട്ടുകാരുടെ കയ്യിലെങ്ങാനും സംഗീതോപകരണങ്ങൾ വല്ലതും ഉണ്ടെങ്കിൽ പിന്നെ പറയണ്ട ! ഗിത്താറൊക്കെ എടുത്ത് നീട്ടി വച്ച്, തേങ്ങ ചിരകുന്ന ചിരവയെ പോലെയാണ് ഉപയോഗിക്കുന്നത്. വീണയാണ് കയ്യിലെങ്കിൽ , അന്ധരുടെ ബ്രെയിൽ ലിപി പോലെ, അതിൽ വിരലിട്ട് ഇളക്കി എന്തൊക്കെയോ കാണിക്കുന്നത് കാണാം. വയലിൻ കിട്ടിയാൽ പിന്നെ പറയുകയേ വേണ്ട, കല്ലിലിട്ട് തുണി തേച്ച് കഴുകുന്ന പോലെ ഒരേ തേപ്പാണ്, അങ്ങോട്ടും ഇങ്ങോട്ടും. തബല കിട്ടിയാലോ, “തേങ്ങ പൊതിയ്ക്കൽ ” പ്രക്രിയ നിർബാധം തുടരുന്നു. എന്താണ് ഇങ്ങനെ ?

വേറൊരു സിനിമയിൽ , നായകൻ കൂട്ടുകാരനോട് സ്റ്റോക്ക് മാർക്കറ്റിനെ കുറിച്ച് ചർച്ച ചെയ്യുന്നു. “ഡാ നോക്ക്…നീ ആ സിഗ്മയുടെ ഷെയർ വാങ്ങിയാൽ അതിന് സ്റ്റോപ്പ്‌ ലോസ് ഇടാൻ മറക്കരുതേ…മാത്രമല്ല, അത് വിൽക്കുകയും ചെയ്യണം. ഇന്നലെ സൂചികകൾ ഉയരത്തിലായിരുന്നു. ഇന്നിപ്പോൾ താഴ്ന്നു നിൽക്കുന്നു. എല്ലാവരുടെയും നില പരുങ്ങലിൽ ആകുമോ ? ” എന്നൊക്കെ വടിവൊത്ത ഭാഷയിൽ , ആ സീൻ ഷൂട്ട്‌ ചെയ്യുന്നതിന് തൊട്ടു മുൻപ് മാത്രം ആരോടോ ഫോണ്‍ ചെയ്തു ചോദിച്ച് കിട്ടുന്ന, “സ്റ്റോക്ക് മാർക്കറ്റ് അടിസ്ഥാന വിവരങ്ങൾ ” എടുത്തങ്ങ് വിളമ്പുന്നു ! കാണുന്നത് ഇതിനെ കുറിച്ചൊന്നും വിവരമില്ലാത്തവന്മാരല്ലേ, ഇത്രയൊക്കെ മതി എന്ന ചിന്തയാണോ ഇത്തരം “ഓ..പിന്നെ…റെഫറൻസ്, എന്തിന് ? പോകാൻ പറ. ഇത്രയൊക്കെ മതി” എന്ന ഭാവത്തിന്റെ അർത്ഥം ?

എന്തെങ്കിലും വായിക്കുമ്പോൾ അതിലൊരു ചെറിയ അക്ഷരത്തെറ്റ് വന്നാൽ പോലും, അപ്പോൾ വായന നിർത്തി വേറെ വല്ല പരിപാടികളിലും തിരിയുന്നവരാണ് നമ്മൾ മലയാളികൾ . ആ നമ്മൾ ഇങ്ങനെയുള്ള കെയർലെസ് സമീപനങ്ങൾ സഹിക്കും എന്ന് തോന്നുന്നുണ്ടോ ? ചെറിയ ചെറിയ കാര്യങ്ങൾക്ക് 100% ശ്രദ്ധ കൊടുത്തു സിനിമ ചെയ്യുന്ന ചുരുക്കം ചില സംവിധായക പ്രതിഭകൾ മാത്രമേ ഇന്ന് ഇന്ത്യൻ സിനിമാ വ്യവായത്തിലുള്ളു ! കാരണം, അവർക്കറിയാം പ്രേക്ഷകരെ അണ്ടർ എസ്റ്റിമേറ്റ് ചെയ്യുന്നവൻ സ്വന്തം കുഴി തോണ്ടുകയാണ് ചെയ്യുന്നതെന്ന്. ജിജോ, കെ.ജി.ജോർജ്ജ്, പത്മരാജൻ , ഭരതൻ , മണിരത്നം തുടങ്ങിയവരെയൊക്കെ എന്ത് കൊണ്ട് മഹാന്മാർ എന്ന് വിളിക്കുന്നു എന്നതിന്‍റെ ഉത്തരം ഇപ്പോഴാണ് ശരിക്കും പിടികിട്ടുന്നത്.

Leave A Comment


*