chandralekha site

“ചന്ദ്രലേഖ” – ഒരു പ്രേക്ഷകന്‍റെ ഓർമ്മക്കുറിപ്പ്‌

August 26, 2014
4609 Views

സെപ്റ്റംബർ 4 , 1997

“മോഹൻലാലിന്‍റെ ശബ്ദം പോയി, അദ്ദേഹത്തിന് ക്യാൻസർ ആണ്, ഇനി ഒരിക്കലും സിനിമയിൽ മടങ്ങിയെത്തില്ല, തുടങ്ങിയ കുപ്രചാരണങ്ങൾക്ക് വിട നൽകിക്കൊണ്ട് റിലീസായ ചിത്രമാണ് ഐ.വി.ശശി സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ “വർണ്ണപ്പകിട്ട്”. സംഭവം അത്ര കണ്ടങ്ങ്‌ രസമുള്ളതല്ലെങ്കിലും, മോഹൻലാലിനെ കാണാനായി ആളുകൾ തീയറ്ററിൽ ഓടിക്കയറി. കാണാൻ പഴയ ലുക്കിൽ എത്തിയെങ്കിലും, ശബ്ദം വീണ്ടും “ങീ ങീ” എന്ന് തന്നെ ! എന്നാലും, അത്തരമൊരു ചിത്രം പോലും ഇവിടെ 100 ദിവസങ്ങളിൽ കൂടുതൽ പ്രദർശിപ്പിച്ചു. ഇനി പ്രതീക്ഷ, ഇന്ന്‌ റിലീസാകുന്ന, പ്രിയദർശന്‍റെ “ചന്ദ്രലേഖ” യാണ്. ഒരു മാസത്തിനു മുൻപേ റിലീസായ ഓഡിയോ കാസറ്റ് 50 രൂപ കൊടുത്തു വാങ്ങിയത് കേട്ടിട്ടും, കേട്ടിട്ടും മതിയാകാത്ത അവസ്ഥയാണ്. “താമരപ്പൂവിൽ” , “അമ്മൂമ്മക്കിളി” തുടങ്ങിയ പാട്ടുകളും, അതിനൊക്കെ മുൻപെയുള്ള സംഭാഷണങ്ങളും, ഒരു വരി വിടാതെ മനസ്സിൽ പതിഞ്ഞവയാണ്.

തിരുവനന്തപുരത്ത്, ഹിറ്റു സിനിമകളുടെ സ്വന്തം തീയറ്ററുകളായ കൃപയിലും, ശ്രീകുമാറിലുമാണ് ചിത്രം റിലീസ് ചെയ്യുന്നത്. തമ്പാനൂരിലെ ഇരുമ്പ് റെയിൽവേ പാലം കടന്ന്, കൃപാ തീയറ്ററിന്‍റെ മുന്നിലെത്തി. പുത്തരിക്കണ്ടം മൈതാനത്ത് പോലും തികയാത്ത തരത്തിൽ, തീയറ്ററിനു മുന്നിൽ ജനപ്രവാഹം ! ഒരു ഫാൻസ്‌ പ്രവർത്തകനോട് ടിക്കറ്റ് നേരത്തേ പറഞ്ഞത് കാരണം കൃത്യ സമയത്തിനു മുന്നേ, ഹാളിൽ കയറാൻ കഴിഞ്ഞു. ആ സമയത്ത് കൃപാ തീയറ്ററിന്‍റെ കർട്ടൻ പൊങ്ങുന്ന കാഴ്ച്ച ഒരു അത്ഭുതമായിരുന്നു. നല്ല തട്ടു പൊളിപ്പാൻ പാട്ട് പ്ലേ ചെയ്തു കൊണ്ടാണ് ആ കർമ്മം നിർവ്വഹിക്കപ്പെടുന്നത്. പക്ഷെ, ഇത്തവണ എല്ലാവരും ഞെട്ടി ! അതാ ഏ.ആർ.റഹ്മാന്‍റെ “വന്ദേമാതരം” എന്ന ആൽബത്തിലെ, “മാ തുചേ സലാം” എന്ന പാട്ടിന്‍റെ അകമ്പടിയോടെ കർട്ടൻ പൊങ്ങുന്നു. ശേഷമോ, അതിന്‍റെ വീഡിയോ അതാ സ്ക്രീനിൽ തെളിയുന്നു. ഡി.റ്റി.എസ് സംവിധാനത്തിൽ അത് കേൾക്കാനും, ക്രിസ്റ്റൽ ക്ലാരിറ്റിയിൽ കാണാനും എന്തു രസം !

അധികം താമസിയാതെ “ചന്ദ്രലേഖ” തുടങ്ങി. കറുത്ത ഫ്രെയിമുള്ള കണ്ണടയൊക്കെ വച്ച്, നല്ല ഗ്ലാമറിൽ, ഭേദപ്പെട്ട ശബ്ദത്തോട് കൂടിയുള്ള മോഹൻലാൽ, രസകരമായ മണ്ടത്തരങ്ങളുമായി ശ്രീനിവാസൻ, ഇമ്പമാർന്ന ഗാനങ്ങളുമായി ബേണി-ഇഗ്നേഷ്യസ് കൂട്ടുകെട്ട്, ജീവയുടെ നിറമാർന്ന സിനിമാട്ടോഗ്രാഫി, ദീപൻ ചാറ്റർജിയുടെ മായികമായ ശബ്ദലേഖനം, ഇവയൊക്കെ ശരിയാം വണ്ണം സമന്വയിപ്പിച്ചുകൊണ്ടുള്ള പ്രിയദർശന്‍റെ സംവിധാനം ഒക്കെ കൂടി സിനിമയങ്ങ് കത്തിക്കയറി. ആശുപത്രിയിലെ നഴ്സിന്‍റെ വസ്ത്രം വലിച്ചൂരുന്ന സമയത്ത്, “ആ കൊച്ച് പണ്ട് സൈക്കിളിൽ നിന്നും വീണിറ്റൊണ്ടാ ? ഒരു കറുത്ത പാട്” എന്ന് മോഹൻലാൽ പറയുമ്പോൾ , തീയറ്ററാകെ കയ്യടിയും ബഹളവും ! 2-3 മിനിട്ട് നേരത്തേയ്ക്ക് വേറെ ഒരു സംഭാഷണവും കേൾക്കാൻ പറ്റാത്ത വിധത്തിൽ ആ കയ്യടി നീണ്ടു നിന്നു. അനിൽ കപൂറിന്‍റെ അതിഥി കഥാപാത്രം പ്രത്യക്ഷപ്പെടുന്ന ഇടവേള രംഗം എത്തിയപ്പോൾ, പ്രേക്ഷകർ ശരിക്കും ചിരിച്ചു മറിയുകയായിരുന്നു.

ഇടവേളയ്ക്കു ശേഷം, ചിരിയുണർത്തുന്ന രംഗങ്ങൾ അൽപ്പം കുറഞ്ഞെങ്കിലും, സംഭവം രസകരമായി തന്നെ നീങ്ങി. ഒടുവിൽ, റെയിൽവേ സ്റ്റേഷൻ രംഗത്തിൽ, അപ്പുക്കുട്ടനും, ലേഖയും ഒന്നിക്കുമ്പോൾ, തീയറ്ററിൽ നിലയ്ക്കാത്ത കയ്യടിയായിരുന്നു ! അവിടെ ജനിക്കുകയായിരുന്നു, അതുവരെയുള്ള മലയാള സിനിമാ ചരിത്രത്തിലെ സർവ്വകാല കളക്ഷൻ റിക്കാർഡ് നേടിയ സിനിമ. 20 ലക്ഷം മുടക്കിൽ നിർമ്മിച്ച്, 4 മടങ്ങ്‌ ലാഭത്തോടെ, 1 കോടിയോളം കളക്റ്റ് ചെയ്ത സിനിമയാണ് “ചന്ദ്രലേഖ” ! സംവിധായകൻ ഫാസിലായിരുന്നു നിർമ്മാതാവ്. ചിത്രം റിലീസായി ആറു ദിവസങ്ങൾക്ക് ശേഷമായിരുന്നു തിരുവോണം. അന്ന് വീണ്ടും കാണാൻ പോയെങ്കിലും, ടിക്കറ്റ് കിട്ടാതെ മടങ്ങാനായിരുന്നു വിധി…

1 Comments

  1. its not a 20 lakh budget film…athilum okke kooduthal aanu…and its the first film to gross over 10 crore..correct that info…kilukkam is the first film to gross 5 cr..and new delhi is the first film to gross 1 cr in mollywood..

Leave A Comment


*