REVIEW

ഗര്‍ഭശ്രീമാനില്‍ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കരുത്

June 6, 2014
2126 Views

 

കേരളത്തിൽ മൊത്തം 70 കേന്ദ്രങ്ങളിൽ റിലീസ്. അതിൽ തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് രണ്ടെണ്ണം. സർക്കാർ വക തീയറ്ററായ നിളയിൽ വൈകുന്നേരവും, രാത്രിയും ഓരോ ഷോ വീതവും, അജന്താ തീയറ്ററിൽ രാവിലെ ഒരു ഷോയും ! ഇങ്ങനെ പകുത്തു കൊടുക്കപ്പെട്ട റിലീസിംഗ് നയം തന്നെ പ്രേക്ഷകരെ തീയറ്ററിന്‍റെ ഏഴു അയലത്ത് പോലും അടുപ്പിക്കാൻ പ്രേരിപ്പിക്കാത്ത ഒന്നാണ്. എന്നാലും, എല്ലാവിധ തടസ്സങ്ങളെയും തരണം ചെയ്തു കൊണ്ട് റിലീസായ ‘ഗർഭശ്രീമാൻ’ കാണാൻ തീരുമാനിച്ച് അജന്തയിൽ എത്തി. കൊട്ടും, മേളവും ഒക്കെ ചേർന്ന് ആഘോഷപൂർവ്വമാണ് ചിത്രം തുടങ്ങിയത്. ചിത്രത്തിന്‍റെ വിശദാംശങ്ങളെ വിവരിച്ച് കൊണ്ട്, ജനപ്രിയനായകൻ ദിലീപാണ് സ്ക്രീനിലൂടെ ഏവരെയും വരവേറ്റത്. വളരെ സാധാരണമായ ഒരു പശ്ചാത്തലത്തിൽ സിനിമ തുടങ്ങി, തുടർന്നു, അവസാനിച്ചു. അതിനും മുകളിൽ ഒന്നും തന്നെ വിശകലനം ചെയ്യാനില്ലാത്ത ഒരു പാക്കേജാണ് പ്രസ്തുത സിനിമ. യുക്തിയും പൂർണ്ണതയും ഒരു പരിധിക്കു മുകളിൽ ആവശ്യപ്പെടാതെ, സിനിമയെ ഒരു നേരമ്പോക്കിനുള്ള സംഗതിയായി മാത്രം കാണുന്ന സാധാരണ പ്രേക്ഷകരെ ലക്‌ഷ്യം വച്ചു കൊണ്ട് തയ്യാറാക്കപ്പെട്ട ഒന്നെന്ന നിലയിൽ അത്ര കണ്ടൊന്നും ബോറടിപ്പിക്കാത്ത ഒരു ശരാശരി സിനിമയാണ് ‘ഗർഭശ്രീമാൻ’.
garbhsrmn 1
കഥ
‘പുരുഷൻ ഗർഭം ധരിക്കുന്നു’ എന്ന ഒരു ആശയത്തിനെ വികസിപ്പിച്ച് തയ്യാറാക്കിയ ഒരു കഥയാണ്‌ ‘ഗർഭശ്രീമാൻ’ പറയുന്നത്. റോയ് (സിദ്ദിഖ്) എന്ന ഡോക്ടറുടെ ഏറെ നാളത്തെ പരിശ്രമത്തിന്‍റെ ഫലമായി അദ്ദേഹം ഒരു പരീക്ഷണത്തിന്‌ തയ്യാറാകുന്നു. ‘പുരുഷന് ഗർഭം ധരിക്കാൻ സാധിക്കുമോ’ എന്ന ആ പരീക്ഷണത്തിന്‌ സഹകരിക്കാനായി ഒരു യുവാവിനെ തേടുന്ന റോയിയുടെ മുന്നിൽ, കുടുംബ പ്രാരാബ്ധങ്ങളിൽ പെട്ട് വട്ടം കറങ്ങുന്ന സുധീന്ദ്രനും (സുരാജ് വെഞ്ഞാറമൂട്) അദ്ദേഹത്തിന്റെ സുഹൃത്ത് ഗോപാലകൃഷ്ണനും (കലാഭവൻ ഷാജോണ്‍) എത്തപ്പെടുന്നു. ബ്ലേഡ് പലിശക്കാരന്‍റെ ഭീഷണികളിൽ നിന്നും രക്ഷ നേടാനായി, നല്ലൊരു തുക വാങ്ങിക്കൊണ്ട് സുധി ഗർഭം ധരിക്കാൻ തയ്യാറാകുന്നു. തുടക്കത്തിൽ അത്തരമൊരു ഗർഭധാരണം ഒരിക്കലും നടക്കാത്ത കാര്യം എന്ന് വിചാരിച്ച്, വളരെ കാഷ്വലായി നീങ്ങുന്ന സുധി ഒടുവിൽ താനൊരു കുഞ്ഞിനെ വയറ്റിൽ ചുമക്കുന്നു എന്ന സത്യം മനസ്സിലാക്കുന്നു. സംഭവം കുടുംബത്തിൽ അറിഞ്ഞാലുള്ള ചീത്തപ്പേര് ഒരു ഭാഗത്ത്, ജീവിതത്തിലെ കഷ്ടപ്പാടുകൾ വേറെ ഒരു ഭാഗത്ത് എന്ന നിലയിൽ കുഴങ്ങുന്ന സുധി ഒടുവിലൊരു സുപ്രധാനമായ തീരുമാനമെടുക്കുന്നു. എന്താവും സുധിയുടെ ഗർഭത്തിന്‍റെ ക്ലൈമാക്സ്? കൂട്ടുകാരൻ ഗോപാലകൃഷ്ണൻ എല്ലാത്തിനും കൂടെ നിൽക്കുമോ? സുധി വിവാഹം കഴിക്കാൻ പോകുന്ന മാളവികയ്ക്ക്‌ (ഗൗരികൃഷ്ണ) ഇതെല്ലാം സഹിക്കാൻ കഴിയുമോ? ശേഷം ഭാഗം സ്ക്രീനിൽ !

ബലം
ദേശീയ അവാർഡ് ജേതാവായതിന് ശേഷമുള്ള, സുരാജ് വെഞ്ഞാറമൂടിന്‍റെ ആദ്യത്തെ ചിത്രം എന്നത് തന്നെയാണ് ചിത്രത്തിന്‍റെ ഏറ്റവും വലിയ ബലം. ലിഫ്റ്റ്‌ ചെയ്യപ്പെട്ട ഇമേജിന് ഒരു കോട്ടവും തട്ടാത്ത രീതിയിൽ തനിക്കു ലഭിച്ച കഥാപാത്രം, അത് ആവശ്യപ്പെടുന്ന രീതിയിൽ വളരെ ഭംഗിയാക്കാൻ സുരാജിന് സാധിച്ചിട്ടുണ്ട്. മുഴുവൻ സമയവും സുരാജിന്‍റെ ഒപ്പം നിന്ന്, സിനിമയുടെ രസച്ചരട് ഒരു രീതിയിലും പൊട്ടാൻ സമ്മതിക്കാതെ, വളരെ മികച്ച ടൈമിങ്ങോടു കൂടിയുള്ള ഹാസ്യാഭിനയം കാഴ്ച വച്ച കലാഭവൻ ഷാജോണിന്‍റെ പ്രകടനം എടുത്തു പറയേണ്ടത് തന്നെയാണ്. സുരാജ്-ഷാജോണ്‍ കൂട്ടുകെട്ട് തന്നെയാണ്, ‘ഗർഭശ്രീമാൻ’ കാണുന്ന പ്രേക്ഷകർക്കുള്ള ഏറ്റവും വലിയ ആശ്വാസം. ഡോക്ടറുടെ റോളിലെത്തുന്ന സിദ്ദിഖും, നായികയായ ഗൗരി കൃഷ്ണയും, ഡോക്ടറുടെ സഹായിയായി എത്തി പ്രേക്ഷകരെ ഒന്നടങ്കം ചിരിപ്പിക്കുന്ന നോബിയും (കോമഡി ഷോ ഫെയിം) വളരെ നല്ല പ്രകടനങ്ങളാണ് കാഴ്ച വച്ചിട്ടുള്ളത്.

ഔസേപ്പച്ചൻ എന്ന പ്രതിഭാധനനായ സംഗീത സംവിധായകന്‍റെ സാന്നിധ്യം സിനിമയുടെ ഒഴുക്കിനെ ക്രമപ്പെടുത്താൻ സഹായിച്ചു എന്നത് വാസ്തവമാണ്. പക്ഷെ, അദ്ദേഹത്തിന്‍റെ മുൻകാല സിനിമകളെ അപേക്ഷിച്ചു നോക്കുമ്പോൾ , ശരാശരി പ്രകടനമായിരുന്നു എന്ന് പറയേണ്ടി വരുന്നു.
garbhsrmn 3

ബലഹീനത
ഒരുപാട് കാലം സഹസംവിധായകനായി ജോലി ചെയ്ത പരിചയമുള്ള വ്യക്തിയാണ് പ്രസ്തുത ചിത്രത്തിന്‍റെ സംവിധായകനായ അനിൽ ഗോപിനാഥ്. പക്ഷെ, ഇവിടെ അദ്ദേഹം ഒരു തുടക്കകാരൻ എന്ന നിലയിൽ ചുരുങ്ങിപ്പോയതായി കാണാൻ സാധിക്കുന്നു. നല്ലൊരു ത്രെഡ് കയ്യിൽ കിട്ടിയിട്ട്, തിരക്കഥാകൃത്തുക്കളെ പരമാവധി പ്രോത്സാഹിപ്പിച്ചു കൊണ്ട് അതിനെ നല്ലൊരു ഷൂട്ടിംഗ് സ്ക്രിപ്റ്റാക്കി മാറ്റാൻ പുള്ളിക്കാരന് സാധിച്ചോ എന്നൊരു സംശയം തോന്നിപ്പോകുന്നു. സുരാജിനെ ഒരു നായകനാക്കിയേ അടങ്ങൂ എന്ന വാശി ഉള്ളത് പോലെ തോന്നിപ്പിക്കുന്ന ചില രംഗങ്ങൾ സിനിമയുടെ ലക്‌ഷ്യം തന്നെ ഇല്ലാതാക്കുന്ന തരത്തിലുള്ളവയാണ്. ‘പുരുഷൻ ഗർഭം ധരിക്കുന്നു’ എന്ന ത്രെഡ് കുറച്ച് കൂടെ വിശദമായി റെഫർ ചെയ്ത്, നല്ലൊരു തിരക്കഥ തയ്യാറാക്കി, ദിലീപിനെ പോലെ ഒരു നടനെ പ്രധാന കഥാപാത്രമാക്കി സിനിമയാക്കാൻ കഴിഞ്ഞെങ്കിൽ ചിലപ്പോൾ ഇതിന്‍റെ വിധി തന്നെ മാറിപ്പോയേനെ.

ചുരുക്കിപ്പറഞ്ഞാൽ
ഒരു സിനിമയേയും മോശം എന്ന് പറയാനുള്ള അധികാരമോ, യോഗ്യതയോ നമ്മളിൽ ആരിലും നിക്ഷിപ്തമല്ല. മോശം എന്നത് ആപേക്ഷികമായ ഒരു അവസ്ഥയാണ്. ഒരാൾക്ക്‌ ‘മോശം’ എന്നത് മറ്റൊരാൾക്ക് ‘മികച്ചത്’ എന്നായിരിക്കാം. എന്നാൽ, ഇഷ്ടം/ഇഷ്ടക്കേട് എന്നത് തികച്ചും വ്യക്തിപരമാണ്. ആയതിനാൽ തന്നെ ‘ഗർഭശ്രീമാൻ’ ഒരു മോശം ചിത്രമല്ല. സിനിമയെ സിനിമയായിട്ടു മാത്രം കണ്ട്, രണ്ടു രണ്ടര മണിക്കൂർ രസിച്ച്, ഒരു നേരമ്പോക്കെന്ന മട്ടിൽ തീയറ്റർ വിട്ടിറങ്ങാനുള്ള മാനസിക ശേഷിയുള്ളവർക്ക് ‘ഗർഭശ്രീമാൻ’ ദോഷം ചെയ്യില്ല.

തിയറ്ററിൽ കേട്ടത്
“ദേശീയ അവാർഡൊക്കെ കിട്ടിയതല്ലേ? ഇങ്ങനെയൊക്കെ വേണമായിരുന്നോ സുരാജണ്ണാ? ”

സുരേഷ്കുമാര്‍ രവീന്ദ്രന്‍

 

Leave A Comment


*